2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

എഴുത്തിന്‍റെ വഴി, വായനയുടെയും...........

ഇമ്മാനുവല്‍.പി ‍.അബ്രഹാം

വേട്ടയും, വേഴ്ചയുമായി കാട്ടില്‍ കഴിഞ്ഞ മനുഷ്യര്‍, കാടിറങ്ങി നദീതീരത്ത് കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയതോടെ, അവന്‍റെ പ്രവര്‍ത്തികള്‍ക്കും, അവന്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്കും ഒരു ഏകീകൃത രൂപം വന്നു ചേര്‍ന്നു. ഇങ്ങനെ രൂപപ്പെട്ട ശബ്ദങ്ങള്‍, അവന്‍ ചെയ്യുന്ന വിവിധങ്ങളായ പ്രവര്‍ത്തികളെ തരാം തിരിച്ചറിയിക്കാന്‍ തുടങ്ങിയതോടെ അവക്ക് ഒരു നിയതമായ രൂപം കൈവരികയുണ്ടായി. വ്യത്യസ്തങ്ങളായ പ്രവര്‍ത്തികള്‍ക്ക്, വ്യത്യസ്തങ്ങളായ ശബ്ദം നല്‍കി അവന്‍ വാക്കുകള്‍ നിര്‍മ്മിച്ചു. വാക്കുകള്‍ കൂട്ടിചേര്‍ത്ത് വാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ പിന്നെയും കാലം ഒരുപാട് എടുത്തെങ്കിലും, അവന്‍ നിര്‍മ്മിച്ച ഭാഷ, അവനു ആശയ വിനിമയത്തിനുള്ള ഒരു പുതു മാര്‍ഗം സമ്മാനിച്ചു.
അങ്ങനെ സ്വയം സൃഷ്ടിച്ചെടുത്ത ഭാഷയിലൂടെ അവന്‍, തന്‍റെ ചിന്തകളും, ചെയ്തികളും, അടുത്ത തലമുറകളിലെക്കും പകര്‍ന്നു കൊടുത്തു. തലമുറകളായി കേട്ടുകൊണ്ടിരുന്നവ രേഖപ്പെടുത്തി വെയ്ക്കണമെന്ന് തോന്നിയപ്പോള്‍ അവന്‍ അതിനായി രൂപങ്ങള്‍ കണ്ടു പിടിച്ചു. ഇങ്ങനെ ഉല്‍ഭവിച്ച രൂപങ്ങള്‍ കാലാന്തരത്തില്‍, പരിണമിച്ച് നിയതമായ ലിപികളായി മാറിയപ്പോള്‍ കുറിപ്പുകള്‍ അവന്നെളുപ്പമായി. അവിടെ നിന്ന് ആരംഭിക്കുന്ന എഴുത്തിന്‍റെ ചരിത്രം, അനേകം തലമുറകള്‍ പിന്നിട്ട്, വളരെയധികം പരിണാമങ്ങലക് വിധേയമായി, ഇന്ന് നാം ഉപയോഗിക്കുന്ന ഭാഷയുടെ രൂപം കൈ വരിച്ചു. തങ്ങള്‍ ചെയ്യുന്നതും, ചിന്തിക്കുന്നതും, മറ്റുള്ളവര്‍ അറിയണമെന്ന ചിന്തയായിരിക്കാം മനുഷ്യനെ അവ രേഖപ്പെടുത്തി വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ, തലമുറകളായി രേഖപ്പെടുത്തപ്പെട്ടവ കൈമാറിക്കിട്ടിയ പിന്‍തലമുറകള്‍, അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും, രേഖപ്പെടുത്തി സൂക്ഷിക്കുവാന്‍ ശ്രദ്ധിച്ചു. അങ്ങനെ, രേഖപ്പെടുത്തിവെയ്ക്കല്‍, അവന്‍റെ സ്വഭാവ സവിശേഷതയായിത്തീര്‍ന്നു. പിന്നീടങ്ങോട്ട്, ഇത്തരം എഴുത്തുകളില്‍ അവന്‍, തന്‍റെ ഭാവനകളും, ചിന്തകളും, കലര്‍ത്താന്‍ ശ്രമിക്ക വഴി, രേഖപ്പെടുത്തല്‍ ഒരു സര്‍ഗ്ഗ പ്രവര്‍ത്തിയായി മാറി. ഇത്തരം കുറിപ്പുകളില്‍ വിജ്ഞാനവും, വിനോദവും കണ്ടെടുത്ത പിന്‍തലമുറകള്‍ അവ വായിച്ചാസ്വദിക്കാന്‍ തുടങ്ങി. അങ്ങനെ, എഴുത്തും , വായനയും പരസ്പര പൂരകങ്ങളായ രണ്ടു സര്‍ഗ്ഗ പ്രവര്തികലായി മാറി.
ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ഭാഷാ ഗോത്രങ്ങളിലും ഇങ്ങനെയാണ്, എഴുത്തും, വായനയും കടന്നു വന്നത്. വായന നല്‍കുന്ന അറിവ്, അനുഭൂതി, അവ സൃഷ്ടിക്കുന്ന ഉള്‍ക്കാഴ്ച, ഉള്‍ക്കാഴ്ച്ചയിലൂടെ സംഭവിക്കുന്ന സംസ്കരണം, സംസ്കരണത്തിലൂടെ നേടിയെടുക്കുന്ന പക്വമായ ലോക വീക്ഷണം - അങ്ങനെ, വായന ഒരുവനെ പക്വമായ വ്യക്തിത്വരൂപീകരണത്തിനും, അതിലൂടെ പരസ്പര ബഹുമാനത്തിലും, സ്നേഹത്തിലും ജീവിക്കാന്‍ കഴിയുന്ന സമൂഹ നിര്‍മ്മിതിക്കും സഹായകമായി തീരുന്നു. അച്ചടി വിദ്യയുടെ വരവോടെ, എഴുതിയവ വായിക്കുന്നവനിലേക്ക് എത്തിക്കുന്ന പ്രക്രിയ താരതമ്യേനെ ലളിതമാക്കുകയും, വായിക്കുന്നവന് കൂടുതല്‍ എളുപ്പത്തില്‍ അവ ലഭിക്കുന്ന സാഹചര്യം വരികയും ചെയ്തു. ഇന്നിപ്പോള്‍ അവന്‍, തന്‍റെ സൃഷ്ടികള്‍ അഥവാ ആശയങ്ങള്‍ ഇരിക്കുന്ന മുറിയില്‍ നിന്നിറങ്ങാതെ തന്നെ ലോകത്തെ മുഴുവന്‍ അറിയിക്കാനുള്ള വിദ്യ കൈവശപ്പെടുത്തിയിരിക്കുകയാണല്ലോ.
ഇത്തരം ആധുനിക, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, അക്ഷരസ്നേഹം പ്രചരിപ്പിക്കുകയും, പുതുതലമുറയെ വായനയുടേയും, എഴുത്തിന്റെയും ലോകത്തിലേക്ക്‌ ആനയിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരുദ്യമവും, മഹനീയവും, പ്രശംസനീയവുമാണ്. അത്തരം ശ്രമങ്ങള്‍ മഹത്തരം സൃഷ്ടികള്‍ നമുക്ക് നല്‍കുക മാത്രമല്ല, മണ്മറഞ്ഞു പോയവര്‍ക്കുള്ള ആദരവും, അതോടൊപ്പം തന്നെ പിന്‍തലമുറക്കുള്ള പ്രചോദനവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........